Saturday, September 29, 2012

വൈക്കത്തെ ചിലര്‍ - ജാനകി ചേച്ചിയും ഏലി തള്ളയും

വൈക്കത്തേക്ക് ഉള്ള പഴയ യാത്രകള്‍ ഓര്‍ക്കുമ്പോ എന്‍റെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കുറെ ആള്‍ക്കാരെ കുറിച്ച് പറയാതെ ഒട്ടും പൂര്‍ണമാകില്ല. പുറം പണിക്കു വന്നിരുന്ന ജാനകിചേച്ചി, എപ്പോ കണ്ടാലും ഒരു ഫൂലന്‍ ദേവി പ്രതീതി തന്നിരുന്ന ഏലി, കണ്ണ് രണ്ടും കാണാത്ത കുറുവച്ചന്‍, വീടിന്‍റെ ഏറ്റവും അടുത്ത പലവ്യഞ്ജന കട നടത്തിയിരുന്ന കുഞ്ഞച്ചന്‍, അക്കരെ പോകാന്‍ വള്ളത്തിനു കാത്തിരിക്കുന്ന നേരം കുശലാന്വേഷണം നടത്തിയിരുന്ന ഒരു കൂട്ടം അമ്മാവന്മാരും അക്കരയിലെ പണിക്കാരും, ആറ്റിന്‍പുറത്തെ  ചേട്ടനും റീന ചേച്ചിയും കുഞ്ഞമ്മ ചേച്ചിയും, അമ്മാവന്‍റെ 'ശാസ്ത്ര സാഹിത്യ പരിഷത്തിലെ' അന്നത്തെ യുവ താരങ്ങള്‍ എന്നിങ്ങനെ പോകുന്നു ആ നിര. 


ജാനകി ചേച്ചി എന്ന് ഓര്‍ക്കുമ്പോ എന്‍റെ മനസ്സില്‍ ആദ്യം വരുന്നത്,  പ്രായമേറിയ എന്നാല്‍ സാമാന്യം ആര്യോഗ്യമുള്ള, ചെറുതായി കോടിയിട്ടുള്ള ചുണ്ടില്‍ എപ്പോഴും ഒരു മുറുക്കാന്‍ കലര്‍ന്ന ചിരിയും ആയി  ചെറിയ കൂനോടെ നടക്കുന്ന,  കള്ളിമുണ്ടും ഇരുണ്ട ബ്ലൌസ്-ഉം മുഷിഞ്ഞ തോര്‍ത്തും ധരിച്ചു മുറ്റമടിക്കുന്ന ഒരു സ്നേഹമുള്ള അമ്മൂമ്മയുടെ രൂപമാണ്‌..  ഇപ്പൊ ആലോചിക്കുമ്പോ എനിക്കു സംശയം ആണ്, ജാനകി ചേച്ചി എപ്പോഴും ചിരിക്കുക ആയിരുന്നോ എന്നത്. ചുണ്ട് (അസുഖം വന്നു) കോടിയപ്പോ ഒരു സ്ഥിരം ലക്ഷണം ആയി ആ ചിരി അങ്ങനെ വന്നതാകാം. ഞാന്‍ അപ്പോഴൊക്കെ വിചാരിച്ചിരുന്നത് 'ഇത് കൊള്ളാല്ലോ, ഒരാള്‍ക്ക് മുഴുവന്‍ നേരവും ഇങ്ങനെ ചിരിച്ചോണ്ട് ഇരിക്കാന്‍ പറ്റുമോ' എന്നായിരുന്നു. പറ്റുമ്പോഴൊക്കെ തിരിച്ചു ചിരിക്കാന്‍ ഞാന്‍ മറന്നിട്ടുമില്ലായിരുന്നു. ഇപ്പൊ ഓര്‍ക്കുമ്പോ അതില്‍ ജാള്യത ഉണ്ടോന്നു ചോദിച്ചാല്‍ ലവലേശം ഇല്ല :) ജാനകി ചേച്ചിയെ കുറിച്ചുള്ള അടുത്ത രൂപം മുറ്റത്ത്‌ അല്ലെങ്കില്‍ ചായ്പ്പിന്‍റെ അടുത്തിരുന്നു ഓല മെടയുകയോ പായ നെയ്യുകയോ ചെയ്യുന്ന രൂപമാണ്. അതുമല്ലെങ്കില്‍ അടുക്കളയുടെ പുറത്തെ മുറ്റത്ത്‌ മീന്‍ വെട്ടുകയോ മീന്‍ ചട്ടി തേച്ചു കഴുകുകയോ ചെയ്യുന്ന ജാനകി ചേച്ചി. എന്ത് ചെയ്യണം എപ്പോ ചെയ്യണം എന്ന് ആരേലും ജാനകി ചേച്ചിയോട് പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. രാവിലെ പ്രാതല്‍ കഴിഞ്ഞു ഉച്ചയ്ക്കുള്ള തിരക്കും കഴിഞ്ഞു ചായ സമയം കഴിയും വരെ ആ സാമീപ്യം വീടിന്‍റെ പരിസരത്ത് അറിഞ്ഞിട്ടുണ്ട്. 



ഏലിയെ കുറിച്ച് ഓര്‍ക്കുമ്പോ പേടിച്ചു ഓടുമ്പോ പറമ്പില്‍ നിന്നും കാലില്‍ കൊണ്ടിട്ടുള്ള പല തരം മുള്ളുകളുടെ വേദന  ഇപ്പോഴും അറിയാന്‍ പറ്റുന്നുണ്ട്! വല്ല പൂവും കായും ഒക്കെ പെറുക്കുകയോ ഓടിക്കളിക്കുകയോ ചെയ്യുമ്പോഴാകും പെട്ടെന്നൊരു അടഞ്ഞ മുഴക്കം, ഒരിക്കലും എനിക്കു തെറ്റാത്ത ആ വര്‍ത്താന രീതിയില്‍.! !!.. വാലും പറിച്ചോണ്ട് ഓടുക എന്ന പ്രയോഗം ഒട്ടും അതിശയോക്തി കലരാതെ ഇവിടെ ഉപയോഗിക്കാം. ശരിക്കും ഭൂത പ്രേത പിശാച്ചുക്കളെ കുറിച്ച് പറയുന്ന പോലെയാ ആശാട്ടി ശടെന്നു പ്രത്യക്ഷപ്പെടുന്നെ ! പുകമൂടിയപോലത്തെ ഇരുണ്ട നിറം (കറുപ്പാണെന്ന് പറയാന്‍ പറ്റില്ല), വെള്ള മുണ്ടും ബ്ലൌസ്-ഉം തോര്‍ത്തും, അല്‍പ്പം അലസമായി ഉണ്ടകെട്ടിയ നരച്ച മുടിയും അല്‍പ്പം തടിച്ച ദേഹപ്രകൃതവും - ഒരു ആനച്ചന്തം എന്ന് വേണമെങ്കില്‍ പറയാം പക്ഷെ ഒറ്റയാന്‍ വന്നു കുത്താന്‍ നില്ല്ക്കുന്ന പ്രതീതിയാ എനിക്കെപ്പോഴും തോന്നിയിട്ടുള്ളത്. മിക്കപോഴും പറമ്പില്‍ നിന്ന് പെറുക്കിയെടുത്ത തേങ്ങയോ മാങ്ങയോ മറ്റോ കയ്യില്‍ കാണും. തേങ്ങ പെറുക്കല്‍ എന്തേലും ഒപ്പിക്കല്‍ ഒക്കെയാണ് വരവിന്‍റെ പ്രധാന ഉദ്ദേശം . അത് കൊണ്ട് ഏലി പരിസരത്ത് ഉണ്ടെങ്കില്‍ ആരുടേലും ഒരു കണ്ണ് കാണും. അതും കൂടെ കൊണ്ടാകും എനിക്കിത്ര പേടി തോന്നിയിരുന്നെ. ആരും സംസാരിക്കാന്‍ നിന്ന് കൊടുത്തില്ലെങ്കിലും ഒറ്റ വാക്ക് ഉത്തരങ്ങള്‍ കൊടുത്തു ഒഴിവാക്കാന്‍ ശ്രമിച്ചാലും ഏലി കുലുങ്ങില്ല. അങ്ങിനെ ചുറ്റീം പറ്റീം കുറെ നേരം കറങ്ങും. ഇനി എന്‍റെ മുന്നില്‍ വെച്ച് എന്തേലും അടിച്ചു മാറ്റാന്‍ ശ്രമിച്ചാല്‍ എങ്ങിനെ പ്രതികരിക്കണം എന്ന സംശയം ആണെന്ന് തോന്നുന്നു അവരുടെ കണ്ണില്‍ പെടാതെ ഓടിക്കളയാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നത്. എന്തായാലും വേലിക്കപ്പുറത്ത്‌ നിഴല് പോലെ പതുങ്ങി വരുന്ന രൂപവും ആ ശബ്ദവും മുള്ള് കൊണ്ട വേദനയും ഞാന്‍ മറക്കില്ല. 



കുറുവച്ചന്‍ കുഞ്ഞച്ചന്‍ എന്നിവരെ കുറിച്ച് ഇനി അടുത്ത ലക്കം ആകാം.

No comments: