ഇന്ന് കുറച്ചു നേരം വൈക്കത്തെ പഴയ കാര്യങ്ങള്‍ ഒരാളോട് പറഞ്ഞപ്പോ കുട്ടിക്കാലത്തെ ഒത്തിരി ഒത്തിരി ഓര്‍മ്മകള്‍ വളരെ അധികം നേരം മനസ്സില്‍ കിടന്നു. സ്കൂള്‍ കാലത്തെ എത്രയോ വേനല്‍ അവധികള്‍ അവിടെ ചിലവഴിച്ചിരിക്കുന്നു. ഞാന്‍ അല്പസ്വല്പ്പം ഓര്‍മ്മകളൊക്കെ പറഞ്ഞപ്പോ തന്നെ എന്‍റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടെന്നാ കേട്ടോണ്ടിരുന്നയാളിനു തോന്നിയതു. എത്ര കഷ്ടപ്പെട്ടാണ് വാചാലയാകാതെ കടിച്ചുപിടിച്ചു സംസാരിച്ചതെന്നു എനിക്കല്ലേ അറിയൂ. ഞങ്ങള്‍ കാര്‍ മേടിച്ചു കഴിഞ്ഞുള്ള യാത്രകള്‍ ആണ് എനിക്ക് കൂടുതല്‍ ഓര്‍മ. ആദ്യം ഒരു ചാര നിറത്തിലെ ഫിയറ്റ് കാര്‍ ആയിരുന്നു KRV 564 . പിന്നെ ഒരു ഇളം നീല നിറത്തിലുള്ള KLV 288 ആയിരുന്നു കൂടുതല്‍ കാലവും ഞങ്ങളെ അവിടെ വരെ എത്തിച്ചിരുന്നത്. വൈകത്തച്ചന്‍ അവസാനം യാത്ര പോയതും ആ വണ്ടിയില്‍
ആണെന്നാ എന്‍റെ ഓര്‍മ. തണ്ണീര്‍മുക്കം ബണ്ട് എത്തുമ്പോഴേ എത്തിപ്പോയി എന്ന ഒരു സുഖമുള്ള ചിന്ത വന്നു തുടങ്ങും. അതു വരെയുള്ള നാല് അഞ്ചു മണിക്കൂര്‍ ഞാനും ഉണ്ണിയും ഒന്നെങ്ങില്‍ എന്തേലും കളിച്ചോ വഴക്കുണ്ടാക്കിയോ അല്ലെങ്കില്‍ വണ്ടിടെയൊക്കെ എണ്ണം എടുത്തോ അതുമല്ലെങ്കില്‍ നീണ്ടു നിവര്‍ന്നും കൊഞ്ച് പോലെ ചുരുണ്ടും പുറകിലത്തെ സീറ്റില്‍ ഉറങ്ങിയോ ചിലവഴിക്കും. അച്ഛനും അമ്മയും മാറി മാറി വണ്ടി ഓടിക്കും. അന്നൊക്കെ വണ്ടിയോടിക്കുന്ന സ്ത്രീകള്‍ കുറവായ കൊണ്ട് അമ്മ ഓടിക്കുമ്പോ മിക്ക ആള്‍ക്കാരും ശ്രദ്ധിക്കുമായിരുന്നു. എനിക്കത് വലിയ ഗമയും ആയിരുന്നു. എന്‍റെ നിര്‍ബന്ധം കൂടെയായിരുന്നു അമ്മ വണ്ടിയോടിക്കാന്‍ പഠിച്ചു എന്നെ സ്കൂളില്‍ കൊണ്ട് പോകണം, കറങ്ങാന്‍ കൊണ്ടുപോകണം എന്നൊക്കെ. അത് കൊണ്ട് എനിക്ക് തോന്നിയിരുന്ന ഗമ ഒട്ടും അസ്ഥാനത്തല്ലായിരുന്നു എന്ന് തോന്നുന്നു :)
തണ്ണീര്‍മുക്കം ബണ്ട് പണ്ട് അല്‍പ്പം സാഹസിക യാത്ര തന്നെയായിരുന്നു. ചാടിയും ചെരിഞ്ഞും വീതി കുറഞ്ഞ മണ്ണുവഴിയിലൂടെ ഒരു പതിയെ പോക്ക്. അല്ല പിന്നെയങ്ങോട്ടും വഴിക്ക് വലിയ വീതിയൊന്നുമില്ല :) പക്ഷെ രണ്ടു വശവും നിറയെ പച്ചപ്പാണ്. കൂടുതലും വീടുകള്‍ക്ക് വേലികള്‍ ആയി നിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച , പിന്നെ ചെറുതും വലുതുമായ പടര്‍ന്നു കിടക്കുന്ന മരങ്ങള്‍, കുട്ടി കുട്ടി പാലങ്ങള്‍, തോടുകളും വീട്ടില്‍ നടക്കുന്ന പോലെ റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും അവിടെയും ഇവിടെയും സൊറപറഞ്ഞു ഇരിക്കുകയും ചെയ്യുന്ന നാട്ടുകാരും.
ഇപ്പോഴും എനിക്ക് തണ്ണീര്‍മുക്കം ബണ്ട് കഴിഞ്ഞാല്‍ പിന്നത്തെ അടയാളം തോട്ടകത്തെ പള്ളിയും (വലത്തു വശത്ത്) കള്ളു ഷാപ്പും (ഇടതു വശത്ത്) ആണ്. പിന്നെ ഒരു ചെറിയ കയറ്റം, അട്ടാറ പാലത്തിലേക്ക്. പാലത്തിന്‍റെ മുകളില്‍ എത്തുമ്പോ ഇടത്തോട്ടു നോക്കിയാല്‍ പുഴയ്ക്കും പാലത്തിനും അപ്പുറം
അല്‍പ്പം താഴെയായിട്ടു മരങ്ങളുടെ ഇടയിലൂടെ തൂപ്പുറത്തു വീട് കാണാം.
വീടിന്‍റെ
പിന്‍വശത്ത് കൂടെയാ റോഡ് ഇറങ്ങി വീടിരിക്കുന്ന നിരപ്പിലേക്ക് പതിയെ എത്തുന്നത്.... ...... മെയിന്‍ റോഡിനു ഇടതു വശത്തൂടെ
തന്നെ പഴയ ഒരു റോഡ് ഉണ്ട്, വീടിന്‍റെ നിരപ്പിലായിരുന്നു പണ്ടത്തെ പാലം എന്ന് പറഞ്ഞു കേട്ട ഓര്‍മയെ ഉള്ളു. ആ പാലം ഇല്ല പക്ഷെ ഇരു കരയിലേയും വഴികള്‍ ഉണ്ട്, അവ അവസാനിക്കുന്ന ഭാഗം കാടാണെന്നെ ഉള്ളു.
പാലം കേറി ഇറങ്ങി റോഡിലെ നേരിയ ഇറക്കവും ഇറങ്ങി വരുമ്പോഴെല്ലാം വീടിനെ നോക്കിയാ വണ്ടിയില്‍ ഇരിപ്പ്. മിക്കവാറും ആരെയെങ്കിലും മുറ്റത്തോ പറമ്പിലോ തോട്ടിന്‍കരയിലോ കാണാം. ഇറക്കം കഴിഞ്ഞാല്‍ അല്‍പ്പം മുന്നോട്ടു ചെന്നിട്ടു വണ്ടി ഇടത്തോട്ട് വെട്ടിതിരിക്കണം. അപ്പൊ ആറ്റിന്‍പ്പുറത്ത് എന്ന (റീനയും റോയിയും കുഞ്ഞുമോളും മറ്റുമുള്ള) വീടും കുഞ്ഞച്ചന്‍റെ പലചരക്ക് കടയും വലതു വശത്ത് കാണാം. പിന്നെ ഒരു ഒഴിഞ്ഞ, നിറച്ചു പുല്ലുള്ള ഒരു പറമ്പും, വലത്തോട്ട് ഒരു വിശാലമായ തിരിവും. അങ്ങിനെ തിരിയുമ്പോ
അവിടെ വലതു ഒരു ചെറിയ തോട് കാണാം (പുല്ലു നിറഞ്ഞ പറമ്പിനും ഈ വിശാലമായ
പാതയ്ക്കും മദ്ധ്യേ), ആ തോട്ടില്‍ ചെറുതും വലുതുമായ ഒന്ന് രണ്ടു വള്ളങ്ങളും അരികിലെ തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്നത് കാണും. ഈ സ്ഥലത്ത് ആള്‍ക്കാര് നടന്നു നടന്നു പുല്ലിന്‍റെ ഇടയിലൂടെ ഒരു നേരിയ മണ്‍ പാത ഉണ്ടായിട്ടുണ്ട്. നേരെ നടുവിലായിട്ടു ഒരു നല്ല മാതളനാരങ്ങ മരമുണ്ടായിരുന്നു. മരത്തിനു തൊട്ടു മുന്നേ ഇടത്തോട്ടു തിരിഞ്ഞാല്‍ തൂപുറത്തു വീടിന്‍റെ വേലിക്കകതോട്ടു വണ്ടി കേറ്റാം.
മാതള നാരകം കഴിഞ്ഞു ഒരു പത്തു ചുവടു
നേരെ വെച്ചാല്‍ കണ്ണാടി പുഴയാണ്. നല്ല വീതിയുള്ള പതുക്കെ ഒഴുകുന്ന കണ്ണാടി പുഴ.
വീടിന്‍റെ വേലി കയറുന്നയിടത്ത്ഓല മെടഞ്ഞത് കൊണ്ടും അടുക്കള ഭാഗത്ത് കമ്മ്യൂണിസ്റ്റ് പച്ചയുടെ വേലി കൊണ്ടും ആണ് ഉണ്ടായിരുന്നത്. കേറിയാല്‍ വലതു ഭാഗത്ത് പരന്നു കിടക്കുന്ന അടുക്കുചെത്തി മരം, അതിനപ്പുറം തൊഴുത്ത്. ഇടതു ഭാഗത്ത് വീട്. ചുവന്ന നിറത്തിലെ ചെറിയ തിട്ട, മൂന്നോ നാലോ പടികള്‍,
കറുത്ത നിറമുള്ള തറയോടു കൂടിയ വരാന്ത, പടികഴിഞ്ഞു വരാന്തയില്‍ കയറുമ്പോ
ഇരുവശതുമായിട്ടു രണ്ടു കറുത്ത തൂണും.
വീടിനെ നോക്കി നില്‍ക്കുമ്പോ ഈ വല്യ പടികളുടെ വശത്തായിട്ടു വേറെ ഒരു കൂട്ടം ചെറിയ ചുവന്ന പടികള്‍ ഉണ്ട്, അത് വഴി ഒരു ചെറിയ മുറിയിലൂടെ അടുക്കള ഭാഗത്തേക്ക് പോകാം. വരാന്തയിലേക്ക് കയറിയാല്‍
വലത്തായിട്ടു രണ്ടു
ചെറിയ ജനലുള്ള ഒരു ചെറിയ നീളന്‍ മുറിയുണ്ട്.
വൈകത്തച്ചന്‍റെ കണക്കും കാര്യങ്ങളും ഉള്ള പുസ്തകങ്ങള്‍ എല്ലാം ആ മുറിയിലായിരുന്നു. ആ മുറിയില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളത് വൈകത്തച്ചന്‍റെ ജുബ്ബ തൂക്കുന്ന പഴയ രീതിയിലെ തടി കൊണ്ടുള്ള ഭിത്തിയില്‍ ഉറപ്പിച്ച ഡയമണ്ട് രൂപത്തിലെ ഹാങ്ങര്‍ ആയിരുന്നു :) മിക്കവാറും ഒറ്റ ജുബ്ബായെ അവിടെ കാണുകയുള്ളൂ, അന്ന് ഇടാനുള്ളതോ ഇട്ടതോ. ആ മുറിക്കു ഒരു പ്രത്യേക മണം ആയിരുന്നു. ഒരു പഠന മുറിയുടെ മണം.
ബാക്കി മുറികളൊന്നും വിശദീകരിക്കുന്നില്ല. പക്ഷെ കടുംപച്ച നിറത്തിലെ തടി ഭിത്തി ഉള്ള വലിയൊരു പത്തായ പുരയും, തടി പടികള്‍ കയറി പോകേണ്ട ഒരു തട്ടിന്‍പുറവും കുറെ
പറകളും ഒരു നാരായവും, ചെമ്പ് കുട്ടകങ്ങളും, ഒരു വലിയ തടി പെട്ടകം പോലത്തെ പത്തായ പെട്ടിയും, വല്യ മുത്തശീടെ രാജകീയ കട്ടിലും ഓര്‍മയിലുണ്ട്.
ഇതിപ്പോ ഒരു പിടിയില്‍ കൂടുതല്‍
ആയല്ലോ ഓര്‍മ്മകള്‍, അടുത്ത പിടി പിടിക്കുന്നത് പിന്നെയാകാം.
2 comments:
Good that you started again. I havent been to Vaikom as such, but I think I can drive to your ancestral compound on my own (I know from your blogs that the old house isn't there anymore).
I would like to be able to speak a few words to people there, when I get control of the time machine. So when u are back, Take us inside as much as you can - both the house and your thoughts. Lucky indeed is the one who got to hear this first hand from you yesterday.
Thank you Anonymous, so you can read Malayalam too :)
Post a Comment