Saturday, September 29, 2012

വൈക്കത്തെ ചിലര്‍ - ജാനകി ചേച്ചിയും ഏലി തള്ളയും

വൈക്കത്തേക്ക് ഉള്ള പഴയ യാത്രകള്‍ ഓര്‍ക്കുമ്പോ എന്‍റെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കുറെ ആള്‍ക്കാരെ കുറിച്ച് പറയാതെ ഒട്ടും പൂര്‍ണമാകില്ല. പുറം പണിക്കു വന്നിരുന്ന ജാനകിചേച്ചി, എപ്പോ കണ്ടാലും ഒരു ഫൂലന്‍ ദേവി പ്രതീതി തന്നിരുന്ന ഏലി, കണ്ണ് രണ്ടും കാണാത്ത കുറുവച്ചന്‍, വീടിന്‍റെ ഏറ്റവും അടുത്ത പലവ്യഞ്ജന കട നടത്തിയിരുന്ന കുഞ്ഞച്ചന്‍, അക്കരെ പോകാന്‍ വള്ളത്തിനു കാത്തിരിക്കുന്ന നേരം കുശലാന്വേഷണം നടത്തിയിരുന്ന ഒരു കൂട്ടം അമ്മാവന്മാരും അക്കരയിലെ പണിക്കാരും, ആറ്റിന്‍പുറത്തെ  ചേട്ടനും റീന ചേച്ചിയും കുഞ്ഞമ്മ ചേച്ചിയും, അമ്മാവന്‍റെ 'ശാസ്ത്ര സാഹിത്യ പരിഷത്തിലെ' അന്നത്തെ യുവ താരങ്ങള്‍ എന്നിങ്ങനെ പോകുന്നു ആ നിര. 


ജാനകി ചേച്ചി എന്ന് ഓര്‍ക്കുമ്പോ എന്‍റെ മനസ്സില്‍ ആദ്യം വരുന്നത്,  പ്രായമേറിയ എന്നാല്‍ സാമാന്യം ആര്യോഗ്യമുള്ള, ചെറുതായി കോടിയിട്ടുള്ള ചുണ്ടില്‍ എപ്പോഴും ഒരു മുറുക്കാന്‍ കലര്‍ന്ന ചിരിയും ആയി  ചെറിയ കൂനോടെ നടക്കുന്ന,  കള്ളിമുണ്ടും ഇരുണ്ട ബ്ലൌസ്-ഉം മുഷിഞ്ഞ തോര്‍ത്തും ധരിച്ചു മുറ്റമടിക്കുന്ന ഒരു സ്നേഹമുള്ള അമ്മൂമ്മയുടെ രൂപമാണ്‌..  ഇപ്പൊ ആലോചിക്കുമ്പോ എനിക്കു സംശയം ആണ്, ജാനകി ചേച്ചി എപ്പോഴും ചിരിക്കുക ആയിരുന്നോ എന്നത്. ചുണ്ട് (അസുഖം വന്നു) കോടിയപ്പോ ഒരു സ്ഥിരം ലക്ഷണം ആയി ആ ചിരി അങ്ങനെ വന്നതാകാം. ഞാന്‍ അപ്പോഴൊക്കെ വിചാരിച്ചിരുന്നത് 'ഇത് കൊള്ളാല്ലോ, ഒരാള്‍ക്ക് മുഴുവന്‍ നേരവും ഇങ്ങനെ ചിരിച്ചോണ്ട് ഇരിക്കാന്‍ പറ്റുമോ' എന്നായിരുന്നു. പറ്റുമ്പോഴൊക്കെ തിരിച്ചു ചിരിക്കാന്‍ ഞാന്‍ മറന്നിട്ടുമില്ലായിരുന്നു. ഇപ്പൊ ഓര്‍ക്കുമ്പോ അതില്‍ ജാള്യത ഉണ്ടോന്നു ചോദിച്ചാല്‍ ലവലേശം ഇല്ല :) ജാനകി ചേച്ചിയെ കുറിച്ചുള്ള അടുത്ത രൂപം മുറ്റത്ത്‌ അല്ലെങ്കില്‍ ചായ്പ്പിന്‍റെ അടുത്തിരുന്നു ഓല മെടയുകയോ പായ നെയ്യുകയോ ചെയ്യുന്ന രൂപമാണ്. അതുമല്ലെങ്കില്‍ അടുക്കളയുടെ പുറത്തെ മുറ്റത്ത്‌ മീന്‍ വെട്ടുകയോ മീന്‍ ചട്ടി തേച്ചു കഴുകുകയോ ചെയ്യുന്ന ജാനകി ചേച്ചി. എന്ത് ചെയ്യണം എപ്പോ ചെയ്യണം എന്ന് ആരേലും ജാനകി ചേച്ചിയോട് പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. രാവിലെ പ്രാതല്‍ കഴിഞ്ഞു ഉച്ചയ്ക്കുള്ള തിരക്കും കഴിഞ്ഞു ചായ സമയം കഴിയും വരെ ആ സാമീപ്യം വീടിന്‍റെ പരിസരത്ത് അറിഞ്ഞിട്ടുണ്ട്. 



ഏലിയെ കുറിച്ച് ഓര്‍ക്കുമ്പോ പേടിച്ചു ഓടുമ്പോ പറമ്പില്‍ നിന്നും കാലില്‍ കൊണ്ടിട്ടുള്ള പല തരം മുള്ളുകളുടെ വേദന  ഇപ്പോഴും അറിയാന്‍ പറ്റുന്നുണ്ട്! വല്ല പൂവും കായും ഒക്കെ പെറുക്കുകയോ ഓടിക്കളിക്കുകയോ ചെയ്യുമ്പോഴാകും പെട്ടെന്നൊരു അടഞ്ഞ മുഴക്കം, ഒരിക്കലും എനിക്കു തെറ്റാത്ത ആ വര്‍ത്താന രീതിയില്‍.! !!.. വാലും പറിച്ചോണ്ട് ഓടുക എന്ന പ്രയോഗം ഒട്ടും അതിശയോക്തി കലരാതെ ഇവിടെ ഉപയോഗിക്കാം. ശരിക്കും ഭൂത പ്രേത പിശാച്ചുക്കളെ കുറിച്ച് പറയുന്ന പോലെയാ ആശാട്ടി ശടെന്നു പ്രത്യക്ഷപ്പെടുന്നെ ! പുകമൂടിയപോലത്തെ ഇരുണ്ട നിറം (കറുപ്പാണെന്ന് പറയാന്‍ പറ്റില്ല), വെള്ള മുണ്ടും ബ്ലൌസ്-ഉം തോര്‍ത്തും, അല്‍പ്പം അലസമായി ഉണ്ടകെട്ടിയ നരച്ച മുടിയും അല്‍പ്പം തടിച്ച ദേഹപ്രകൃതവും - ഒരു ആനച്ചന്തം എന്ന് വേണമെങ്കില്‍ പറയാം പക്ഷെ ഒറ്റയാന്‍ വന്നു കുത്താന്‍ നില്ല്ക്കുന്ന പ്രതീതിയാ എനിക്കെപ്പോഴും തോന്നിയിട്ടുള്ളത്. മിക്കപോഴും പറമ്പില്‍ നിന്ന് പെറുക്കിയെടുത്ത തേങ്ങയോ മാങ്ങയോ മറ്റോ കയ്യില്‍ കാണും. തേങ്ങ പെറുക്കല്‍ എന്തേലും ഒപ്പിക്കല്‍ ഒക്കെയാണ് വരവിന്‍റെ പ്രധാന ഉദ്ദേശം . അത് കൊണ്ട് ഏലി പരിസരത്ത് ഉണ്ടെങ്കില്‍ ആരുടേലും ഒരു കണ്ണ് കാണും. അതും കൂടെ കൊണ്ടാകും എനിക്കിത്ര പേടി തോന്നിയിരുന്നെ. ആരും സംസാരിക്കാന്‍ നിന്ന് കൊടുത്തില്ലെങ്കിലും ഒറ്റ വാക്ക് ഉത്തരങ്ങള്‍ കൊടുത്തു ഒഴിവാക്കാന്‍ ശ്രമിച്ചാലും ഏലി കുലുങ്ങില്ല. അങ്ങിനെ ചുറ്റീം പറ്റീം കുറെ നേരം കറങ്ങും. ഇനി എന്‍റെ മുന്നില്‍ വെച്ച് എന്തേലും അടിച്ചു മാറ്റാന്‍ ശ്രമിച്ചാല്‍ എങ്ങിനെ പ്രതികരിക്കണം എന്ന സംശയം ആണെന്ന് തോന്നുന്നു അവരുടെ കണ്ണില്‍ പെടാതെ ഓടിക്കളയാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നത്. എന്തായാലും വേലിക്കപ്പുറത്ത്‌ നിഴല് പോലെ പതുങ്ങി വരുന്ന രൂപവും ആ ശബ്ദവും മുള്ള് കൊണ്ട വേദനയും ഞാന്‍ മറക്കില്ല. 



കുറുവച്ചന്‍ കുഞ്ഞച്ചന്‍ എന്നിവരെ കുറിച്ച് ഇനി അടുത്ത ലക്കം ആകാം.

Friday, September 28, 2012

It is not Selena but Selenicerus


It is not Selena but Selenicerus
A shade pale white and bending a little
As a little child, I remember waiting up at night
And being excited to see one bloom at a corner of our terrace
Had never occured then that this 'Fragrance of the Night'
Whose bloom made the onlookers proud
Would be stooping down due to the unbearable weight
And perhaps was wincing every now and then
From the searing pain down its slender stem

(An ode to the 'Nisagandhi' )

Saturday, September 8, 2012

വൈയ്ക്കവും ഒരു പിടി വേനല്‍ ഓര്‍മകളും

ഇന്ന് കുറച്ചു നേരം വൈക്കത്തെ പഴയ കാര്യങ്ങള്‍ ഒരാളോട് പറഞ്ഞപ്പോ കുട്ടിക്കാലത്തെ ഒത്തിരി ഒത്തിരി ഓര്‍മ്മകള്‍ വളരെ അധികം നേരം മനസ്സില്‍ കിടന്നു. സ്കൂള്‍ കാലത്തെ എത്രയോ വേനല്‍ അവധികള്‍ അവിടെ ചിലവഴിച്ചിരിക്കുന്നു. ഞാന്‍ അല്പസ്വല്പ്പം ഓര്‍മ്മകളൊക്കെ പറഞ്ഞപ്പോ തന്നെ എന്‍റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടെന്നാ കേട്ടോണ്ടിരുന്നയാളിനു തോന്നിയതു. എത്ര കഷ്ടപ്പെട്ടാണ് വാചാലയാകാതെ കടിച്ചുപിടിച്ചു സംസാരിച്ചതെന്നു എനിക്കല്ലേ അറിയൂ. ഞങ്ങള്‍ കാര്‍ മേടിച്ചു കഴിഞ്ഞുള്ള യാത്രകള്‍ ആണ് എനിക്ക് കൂടുതല്‍ ഓര്‍മ. ആദ്യം ഒരു ചാര നിറത്തിലെ ഫിയറ്റ് കാര്‍ ആയിരുന്നു KRV 564 . പിന്നെ ഒരു ഇളം നീല നിറത്തിലുള്ള KLV 288 ആയിരുന്നു കൂടുതല്‍ കാലവും ഞങ്ങളെ അവിടെ വരെ എത്തിച്ചിരുന്നത്. വൈകത്തച്ചന്‍ അവസാനം യാത്ര പോയതും ആ വണ്ടിയില്‍  ആണെന്നാ എന്‍റെ ഓര്‍മ. തണ്ണീര്‍മുക്കം ബണ്ട് എത്തുമ്പോഴേ എത്തിപ്പോയി എന്ന ഒരു സുഖമുള്ള ചിന്ത വന്നു തുടങ്ങും. അതു വരെയുള്ള നാല് അഞ്ചു മണിക്കൂര്‍ ഞാനും ഉണ്ണിയും ഒന്നെങ്ങില്‍ എന്തേലും കളിച്ചോ വഴക്കുണ്ടാക്കിയോ അല്ലെങ്കില്‍ വണ്ടിടെയൊക്കെ എണ്ണം എടുത്തോ അതുമല്ലെങ്കില്‍ നീണ്ടു  നിവര്‍ന്നും കൊഞ്ച് പോലെ ചുരുണ്ടും പുറകിലത്തെ സീറ്റില്‍ ഉറങ്ങിയോ ചിലവഴിക്കും. അച്ഛനും അമ്മയും മാറി മാറി വണ്ടി ഓടിക്കും. അന്നൊക്കെ വണ്ടിയോടിക്കുന്ന സ്ത്രീകള്‍ കുറവായ കൊണ്ട് അമ്മ ഓടിക്കുമ്പോ മിക്ക ആള്‍ക്കാരും ശ്രദ്ധിക്കുമായിരുന്നു. എനിക്കത് വലിയ ഗമയും ആയിരുന്നു. എന്‍റെ നിര്‍ബന്ധം കൂടെയായിരുന്നു അമ്മ വണ്ടിയോടിക്കാന്‍ പഠിച്ചു എന്നെ സ്കൂളില്‍ കൊണ്ട് പോകണം, കറങ്ങാന്‍ കൊണ്ടുപോകണം എന്നൊക്കെ. അത് കൊണ്ട് എനിക്ക് തോന്നിയിരുന്ന ഗമ ഒട്ടും   സ്ഥാനത്തല്ലായിരുന്നു  എന്ന് തോന്നുന്നു :)   തണ്ണീര്‍മുക്കം ബണ്ട് പണ്ട് അല്‍പ്പം സാഹസിക യാത്ര തന്നെയായിരുന്നു. ചാടിയും ചെരിഞ്ഞും വീതി കുറഞ്ഞ മണ്ണുവഴിയിലൂടെ ഒരു പതിയെ പോക്ക്. അല്ല പിന്നെയങ്ങോട്ടും വഴിക്ക് വലിയ വീതിയൊന്നുമില്ല :) പക്ഷെ രണ്ടു വശവും നിറയെ പച്ചപ്പാണ്. കൂടുതലും വീടുകള്‍ക്ക് വേലികള്‍ ആയി നിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പച്ച , പിന്നെ ചെറുതും വലുതുമായ പടര്‍ന്നു കിടക്കുന്ന മരങ്ങള്‍, കുട്ടി കുട്ടി പാലങ്ങള്‍, തോടുകളും വീട്ടില്‍ നടക്കുന്ന പോലെ റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും അവിടെയും ഇവിടെയും സൊറപറഞ്ഞു ഇരിക്കുകയും ചെയ്യുന്ന നാട്ടുകാരും.   ഇപ്പോഴും എനിക്ക് തണ്ണീര്‍മുക്കം ബണ്ട് കഴിഞ്ഞാല്‍ പിന്നത്തെ അടയാളം തോട്ടകത്തെ പള്ളിയും (വലത്തു വശത്ത്) കള്ളു ഷാപ്പും (ഇടതു വശത്ത്) ആണ്. പിന്നെ ഒരു ചെറിയ കയറ്റം, അട്ടാറ പാലത്തിലേക്ക്. പാലത്തിന്‍റെ മുകളില്‍ എത്തുമ്പോ ഇടത്തോട്ടു നോക്കിയാല്‍ പുഴയ്ക്കും പാലത്തിനും അപ്പുറം  അല്‍പ്പം താഴെയായിട്ടു മരങ്ങളുടെ ഇടയിലൂടെ  തൂപ്പുറത്തു വീട് കാണാം.   വീടിന്‍റെ  പിന്‍വശത്ത് കൂടെയാ റോഡ്‌ ഇറങ്ങി വീടിരിക്കുന്ന നിരപ്പിലേക്ക്‌ പതിയെ എത്തുന്നത്‌.... ...... മെയിന്‍ റോഡിനു ഇടതു വശത്തൂടെ  തന്നെ  പഴയ ഒരു റോഡ്‌ ഉണ്ട്, വീടിന്‍റെ നിരപ്പിലായിരുന്നു പണ്ടത്തെ പാലം എന്ന് പറഞ്ഞു കേട്ട ഓര്‍മയെ ഉള്ളു. ആ പാലം ഇല്ല പക്ഷെ ഇരു കരയിലേയും വഴികള്‍ ഉണ്ട്, അവ അവസാനിക്കുന്ന ഭാഗം കാടാണെന്നെ ഉള്ളു.   പാലം കേറി ഇറങ്ങി റോഡിലെ നേരിയ ഇറക്കവും ഇറങ്ങി വരുമ്പോഴെല്ലാം വീടിനെ നോക്കിയാ വണ്ടിയില്‍ ഇരിപ്പ്. മിക്കവാറും ആരെയെങ്കിലും മുറ്റത്തോ പറമ്പിലോ തോട്ടിന്‍കരയിലോ കാണാം. ഇറക്കം കഴിഞ്ഞാല്‍   അല്‍പ്പം മുന്നോട്ടു ചെന്നിട്ടു വണ്ടി  ഇടത്തോട്ട് വെട്ടിതിരിക്കണം. അപ്പൊ ആറ്റിന്‍പ്പുറത്ത് എന്ന (റീനയും റോയിയും കുഞ്ഞുമോളും മറ്റുമുള്ള) വീടും കുഞ്ഞച്ചന്‍റെ പലചരക്ക് കടയും വലതു വശത്ത് കാണാം. പിന്നെ ഒരു ഒഴിഞ്ഞ, നിറച്ചു പുല്ലുള്ള ഒരു പറമ്പും, വലത്തോട്ട് ഒരു വിശാലമായ തിരിവും. അങ്ങിനെ തിരിയുമ്പോ  അവിടെ വലതു ഒരു ചെറിയ തോട് കാണാം (പുല്ലു നിറഞ്ഞ പറമ്പിനും ഈ വിശാലമായ  പാതയ്ക്കും  മദ്ധ്യേ), ആ തോട്ടില്‍ ചെറുതും വലുതുമായ ഒന്ന് രണ്ടു വള്ളങ്ങളും അരികിലെ തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്നത് കാണും. ഈ സ്ഥലത്ത് ആള്‍ക്കാര് നടന്നു നടന്നു പുല്ലിന്‍റെ ഇടയിലൂടെ ഒരു നേരിയ മണ്‍ പാത ഉണ്ടായിട്ടുണ്ട്. നേരെ നടുവിലായിട്ടു ഒരു നല്ല മാതളനാരങ്ങ മരമുണ്ടായിരുന്നു. മരത്തിനു തൊട്ടു മുന്നേ ഇടത്തോട്ടു തിരിഞ്ഞാല്‍ തൂപുറത്തു വീടിന്‍റെ വേലിക്കകതോട്ടു വണ്ടി കേറ്റാം.   മാതള നാരകം കഴിഞ്ഞു ഒരു പത്തു ചുവടു  നേരെ വെച്ചാല്‍ കണ്ണാടി പുഴയാണ്. നല്ല വീതിയുള്ള പതുക്കെ ഒഴുകുന്ന കണ്ണാടി പുഴ.    വീടിന്‍റെ വേലി കയറുന്നയിടത്ത്ഓല മെടഞ്ഞത് കൊണ്ടും അടുക്കള ഭാഗത്ത്‌ കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ വേലി കൊണ്ടും ആണ് ഉണ്ടായിരുന്നത്. കേറിയാല്‍ വലതു ഭാഗത്ത്‌ പന്നു കിടക്കുന്ന അടുക്കുചെത്തി മരം, അതിനപ്പുറം തൊഴുത്ത്. ഇടതു ഭാഗത്ത്‌ വീട്. ചുവന്ന നിറത്തിലെ ചെറിയ തിട്ട, മൂന്നോ നാലോ പടികള്‍,  കറുത്ത  നിറമുള്ള തറയോടു കൂടിയ വരാന്ത, പടികഴിഞ്ഞു വരാന്തയില്‍ കയറുമ്പോ  ഇരുവശതുമായിട്ടു രണ്ടു കറുത്ത തൂണും.  വീടിനെ നോക്കി നില്‍ക്കുമ്പോ ഈ വല്യ പടികളുടെ വശത്തായിട്ടു വേറെ ഒരു കൂട്ടം ചെറിയ ചുവന്ന പടികള്‍ ഉണ്ട്, അത് വഴി ഒരു ചെറിയ മുറിയിലൂടെ അടുക്കള ഭാഗത്തേക്ക്‌ പോകാം. വരാന്തയിലേക്ക്‌ കയറിയാല്‍  വലത്തായിട്ടു  രണ്ടു  ചെറിയ ജനലുള്ള ഒരു ചെറിയ നീളന്‍ മുറിയുണ്ട്.  വൈകത്തച്ചന്‍റെ കണക്കും കാര്യങ്ങളും ഉള്ള പുസ്തകങ്ങള്‍ എല്ലാം ആ മുറിയിലായിരുന്നു. ആ മുറിയില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളത്  വൈകത്തച്ചന്‍റെ ജുബ്ബ തൂക്കുന്ന പഴയ രീതിയിലെ തടി കൊണ്ടുള്ള ഭിത്തിയില്‍ ഉറപ്പിച്ച ഡയമണ്ട് രൂപത്തിലെ ഹാങ്ങര്‍ ആയിരുന്നു :) മിക്കവാറും ഒറ്റ ജുബ്ബായെ അവിടെ കാണുകയുള്ളൂ, അന്ന് ഇടാനുള്ളതോ ഇട്ടതോ. ആ മുറിക്കു ഒരു പ്രത്യേക മണം ആയിരുന്നു. ഒരു പഠന മുറിയുടെ മണം.   ബാക്കി മുറികളൊന്നും വിശദീകരിക്കുന്നില്ല. പക്ഷെ കടുംപച്ച നിറത്തിലെ തടി ഭിത്തി ഉള്ള വലിയൊരു പത്തായ പുരയും, തടി പടികള്‍ കയറി പോകേണ്ട ഒരു തട്ടിന്‍പുറവും കുറെ  പറകളും  ഒരു നാരായവും, ചെമ്പ് കുട്ടകങ്ങളും, ഒരു വലിയ തടി പെട്ടകം പോലത്തെ പത്തായ പെട്ടിയും, വല്യ മുത്തശീടെ രാജകീയ കട്ടിലും ഓര്‍മയിലുണ്ട്.  ഇതിപ്പോ ഒരു പിടിയില്‍ കൂടുതല്‍  ആയല്ലോ ഓര്‍മ്മകള്‍, അടുത്ത പിടി പിടിക്കുന്നത്‌ പിന്നെയാകാം.